കോഴിക്കോട്: ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്നതിനിടെ വൈദ്യുതി പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പി. എ. മുഹമ്മദ് റിയാസ് എംഎൽഎ. വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും അത് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് സമാനമായ ഉറപ്പുകൾ നൽകിയിരുന്നെങ്കിലും ഫലം കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ റിയാസ്, ഫൈനൽ മത്സരം നടക്കുമ്പോൾ വൈദ്യുതി തടസ്സപ്പെട്ടാൽ അത് ഗൗരവമേറിയ വിഷയമായി മാറുമെന്നും വ്യക്തമാക്കി.
യുഡിഎഫ് സർക്കാരിന്റെ മിസ് മാനേജ്‌മെന്റാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും റിയാസ് ആരോപിച്ചു. ദീർഘകാല കരാറുകൾക്ക് പകരം ഹ്രസ്വകാല കരാറുകളിലേക്ക് മാറിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ 400 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ടെന്നും അതേസമയം 150 മെഗാവാട്ട് വൈദ്യുതി മാത്രമാണ് വാങ്ങിയിരിക്കുന്നതെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.


