ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി രണ്ട് ജില്ലാ ജഡ്ജിമാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സാകേത് ജില്ലാ കോടതിയിലെ ജഡ്ജി വീണാ റാണിയെയും തീസ് ഹസാരി കോടതിയിലെ ജഡ്ജി വിനയ് സിംഗാളിനെയുമാണ് സസ്പെൻഡ് ചെയ്തത്. അച്ചടക്ക നടപടികളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ സസ്പെൻഷന് പിന്നിലെ കൃത്യമായ കാരണം ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല.
സസ്പെൻഷനിലായ ഇരുവരും കൊമേഴ്സ്യൽ കോടതിയിലെ ജഡ്ജിമാരാണ്. മുൻകൂർ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ജൂലൈ 10ന് ചേർന്ന ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗത്തിലാണ് രണ്ട് ജഡ്ജിമാർക്കെതിരെയും നടപടിയെടുക്കാൻ തീരുമാനിച്ചത്. തുടർന്ന് വിനയ് സിംഗാളിനെയും പിന്നീട് വീണാ റാണിയെയും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.


