ശ്രീനഗർ: ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും മിന്നൽ പ്രളയവും വ്യാപക നാശനഷ്ടമുണ്ടാക്കി. ദുരന്തത്തിൽ നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു. പൂഞ്ച്, രജൗരി ജില്ലകളിൽ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. പൂഞ്ചിലെ നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്നുവീണ് നസിയ കൗസർ (28) മരിച്ചു. ഭർത്താവിനും മൂന്ന് മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. മാറോട്ട് മേഖലയിൽ ഒരു പെൺകുട്ടി ഒഴുക്കിൽപ്പെട്ട് മരിക്കുകയും മറ്റൊരിടത്ത് തിരിച്ചറിയാത്ത സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ലോവർ മുറ മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറ് പേരെ കാണാതായതായി റിപ്പോർട്ടുണ്ട്.
പൂഞ്ച് ജില്ലയിലെ സുരൻകോട്ട് താലൂക്കാണ് പ്രളയത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. രജൗരി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കനത്ത മഴയിൽ വീടുകൾ തകരുകയും വൻതോതിൽ സ്വത്ത് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധി വാഹനങ്ങളും ഒലിച്ചുപോയി.
മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് തീർഥാടനവും വൈഷ്ണോ ദേവി തീർഥാടനവും താൽക്കാലികമായി നിർത്തിവച്ചു. തീർഥാടകരുടെ സുരക്ഷ മുൻനിർത്തി പഹൽഗാം, ബൽതാൽ പാതകളിലൂടെയുള്ള യാത്രകൾ അധികൃതർ വിലക്കി. പാതകൾ സുരക്ഷിതമാണെന്ന് ഉറപ്പായ ശേഷമേ യാത്ര പുനരാരംഭിക്കൂവെന്ന് അധികൃതർ അറിയിച്ചു.
ദുരന്തസ്ഥിതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഡൽഹി സന്ദർശനം പാതിവഴിയിൽ അവസാനിപ്പിച്ച് ജമ്മുവിലേക്ക് മടങ്ങി. ജനങ്ങളുടെ ജീവൻ രക്ഷിക്കാനും ദുരിതബാധിതർക്ക് അടിയന്തര സഹായം ഉറപ്പാക്കാനുമാണ് സർക്കാരിന്റെ മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകി. ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.











