ടെഹ്റാൻ: യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും ആക്രമണം തുടരുമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തരംപോലെ മാറ്റിപ്പറയുന്നതിനിടെ പശ്ചിമേഷ്യയിൽ ആക്രമണങ്ങൾക്ക് അയവൊട്ടുമില്ല. ബുധനാഴ്ച നടന്ന ഇസ്രയേൽ-യു.എസ്. സംയുക്താക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യ മന്ത്രി കമാൻ ഖരാസിക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു.
ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനിയുടെ വിദേശകാര്യ ഉപദേഷ്ടാവായും പ്രവർത്തിച്ചിരുന്ന ഖരാസി, ഇറാൻ ആണവായുധം സ്വന്തമാക്കണമെന്ന് വാദിച്ച വ്യക്തിയാണ്. ഇസ്രയേൽ ആക്രമണത്തിൽ ടെഹ്‌റാനിലെ നൂറുവർഷത്തിലേറെ പഴക്കമുള്ള പസേതുർ ഇൻസ്റ്റിറ്റ്യൂട്ട് ആശുപത്രിക്കും കേടുപാടുകൾ സംഭവിച്ചു.
ഇതിനിടെ, ഇസ്രയേലിനെയും ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ യു.എസ്. സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ തിരിച്ചാക്രമണം നടത്തി. യെമനിലെ ഹൂതി വിമതരും ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തി. ഇസ്രയേലിലെ ഹൈഫ തുറമുഖവും ആക്രമണലക്ഷ്യമായി. അതേസമയം, ജനുവരിയിൽ നടന്ന ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തിൽ യു.എസ്.ക്കും ഇസ്രയേലിനും വേണ്ടി പ്രവർത്തിച്ചെന്നാരോപിച്ച് 18 കാരനെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി.




