ന്യൂഡൽഹി: കുടുംബ കലഹത്തെത്തുടർന്ന് യുവതിയെ ഭർത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തെക്കൻ ഡൽഹിയിലെ പുൽ പ്രഹ്ലാദ്പൂരിലായിരുന്നു സംഭവം. പൂനം എന്ന യുവതിയെ ഭർത്താവ് സുരേഷാണ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുത്തു.
ഒരു മാസം മുമ്പാണ് ദമ്പതികൾ ഡിഡിഎ ഹൗസിംഗ് കോംപ്ലക്സിലേക്ക് താമസം മാറിയത്. ശനിയാഴ്ച രാത്രി അയൽവാസികൾ നിലവിളി കേട്ട ശേഷം വീട്ടുടമസ്ഥന്റെ സഹായത്തോടെ വാതിൽ പൊളിച്ച് ഉള്ളിൽ കടന്നപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്. സംഭവസ്ഥലത്ത് രക്തം പുരണ്ട സിലിണ്ടറും ഉണ്ടായിരുന്നു.
ഒരു വയസുള്ള കുട്ടിയെ മടിയിലിരുത്തി തറയിൽ ഇരുന്ന നിലയിലായിരുന്നു സുരേഷ് ഉണ്ടായിരുന്നത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. പരിശോധനയിൽ, ഭർത്താവിന്റെ കടുത്ത സംശയം കൊലപാതകത്തിന് കാരണമായെന്നാണ് പ്രാഥമിക കണ്ടെത്തൽ. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതോയെന്നും വിശദമായ അന്വേഷണത്തിന് പൊലീസ് തുടക്കം കുറിച്ചു.




