അബുദാബി: ഇറാനിൽ നിന്നുള്ള ആക്രമണത്തിനിടെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇത് സ്ഥിരീകരിച്ചത്.
സംഭവത്തിൽ ആറ് നേപ്പാൾ പൗരന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് ആളുകൾക്ക് നേരിയതോ മിതമായതോ ആയ പരിക്കുകളാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ പരിക്കേറ്റവരുടെ എണ്ണം 12 ആയി.
യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം, ഇറാനിൽ നിന്ന് വിക്ഷേപിച്ച 18 ബാലിസ്റ്റിക് മിസൈലുകളും 4 ക്രൂയിസ് മിസൈലുകളും 47 ഡ്രോണുകളും വെള്ളിയാഴ്ച വ്യോമ പ്രതിരോധ സേന തകർത്തു.
ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിനുശേഷം ഇതുവരെ 475 ബാലിസ്റ്റിക് മിസൈലുകളും 23 ക്രൂയിസ് മിസൈലുകളും 2085 ഡ്രോണുകളും യുഎഇ സേന വെടിവച്ച് വീഴ്ത്തിയതായി മന്ത്രാലയം അറിയിച്ചു.
ഈ ആക്രമണങ്ങളിൽ രണ്ട് സൈനിക ഉദ്യോഗസ്ഥരും സൈന്യത്തോടൊപ്പം പ്രവർത്തിച്ചിരുന്ന ഒരു മൊറോക്കൻ പൗരനും കൊല്ലപ്പെട്ടു. കൂടാതെ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് പേരും ഇതുവരെ ഉണ്ടായ ആക്രമണങ്ങളിൽ മരണപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.




