തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രികയിൽ രണ്ട് നഗരങ്ങളിൽ മെട്രോ പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം. കോഴിക്കോടും തിരുവനന്തപുരവും ഉൾപ്പെടുന്ന ഈ പദ്ധതികൾ നഗരങ്ങളുടെ സമഗ്ര വികസനത്തിന് ഗെയിംചേഞ്ചറാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ.
മെട്രോ പദ്ധതി നടപ്പിലാകുന്നതോടെ ഗതാഗതക്കുരുക്ക് കുറയുകയും സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കൂടാതെ ഈ നഗരങ്ങൾ നോളജ് ഇക്കോണമി കേന്ദ്രങ്ങളായി മാറുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ബിസിനസ് മേഖലയും നിക്ഷേപ സാധ്യതകളും വർധിപ്പിക്കുമെന്നും വിലയിരുത്തൽ.
പുതിയ വ്യവസായങ്ങൾ എത്താനും ഐടി, സേവന മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകാനും മെട്രോ പദ്ധതി സഹായകമാകുമെന്ന് യുഡിഎഫ് വ്യക്തമാക്കി. യുവാക്കൾക്ക് കൂടുതൽ ജോലി സാധ്യതകൾ ലഭിക്കുമെന്നും പറയുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമായി മെട്രോ മാറുമെന്നും അവർ കൂട്ടിച്ചേർത്തു.
കൂടാതെ, ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്തു. റബർ താങ്ങുവില 300 രൂപയായി ഉയർത്താനും കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭിക്കുന്ന ഇന്ദിര കാന്റീനുകൾ സംസ്ഥാനത്ത് വ്യാപിപ്പിക്കാനും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.




