തൃശ്ശൂർ: മണലൂർ നിയോജകമണ്ഡലത്തിലെ വാടാനപ്പിള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഭക്ഷ്യകിറ്റ് തയ്യാറാക്കിയെന്ന ആരോപണത്തെ തുടർന്ന് സംഘർഷാവസ്ഥ. സ്വകാര്യ ഗോഡൗണിൽ കിറ്റ് തയ്യാറാക്കുന്നതായി ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ സ്ഥലത്തെത്തിയത്. തുടർന്ന് ബിജെപി പ്രവർത്തകരും എത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഇതിനിടെ ടി.എൻ. പ്രതാപനെ പിടിച്ചുതള്ളിയതായും ആരോപണമുണ്ട്.
തളിക്കുളം പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ വീടിനോട് ചേർന്നുള്ള ചാമ്പ്യൻസ് ട്രേഡേഴ്‌സ് എന്ന ഗോഡൗണിന് മുന്നിലാണ് പ്രതിഷേധം നടന്നത്. മരണാനന്തര സഹായസമിതിയുടെ പേരിൽ ഇവിടെ നിന്ന് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം. അതേസമയം, ബിജെപി നേതാവും നടനുമായ ദേവന്റെ നേതൃത്വത്തിൽ വോട്ടഭ്യർഥനയ്ക്കെത്തിയ സംഘത്തെ വീടിനകത്ത് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
ഏകദേശം 4000 കിറ്റുകൾ തയ്യാറാക്കിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഭവത്തെ തുടർന്ന് വാടാനപ്പള്ളി പൊലീസും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപിച്ച് യുഡിഎഫ് പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.




