എടത്വാ: തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ വയോധിക മരിച്ചു. എടത്വാ ഒലക്കപാടിൽ പരേതനായ തോമസിന്റെ ഭാര്യ പി സി ഏലിക്കുട്ടി (74) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ എടത്വ-തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. ചികിത്സ കഴിഞ്ഞ് മകനും ബന്ധുവും ചേർന്ന് കാറിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏലിക്കുട്ടിയെ നാട്ടുകാരുടെ സഹായത്തോടെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന മകൻ റോൺസിക്കും ബന്ധുവായ ലിജിൻക്കും കൈകാലുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.






