എറണാകുളം: ക്രിസ്ത്യൻ സമൂഹം എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആഹ്വാനം ചെയ്തു. കുന്നത്തുനാട്ടിൽ നടന്ന ട്വന്റി20 സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൻഡിഎ അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ് നിർമ്മാണം ആരംഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ചരിത്രപരമാണെന്നും, എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചിട്ടും അഴിമതി മാത്രമാണ് വർധിച്ചതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണമാണ് വികസനത്തിന് വഴിയൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ സാക്ഷരത കൂടുതലായിട്ടും തൊഴിൽ അവസരങ്ങൾക്കായി ആളുകൾ വിദേശത്തേക്ക് പോകേണ്ട സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭ തിരഞ്ഞെടുപ്പുകളിൽ എൻഡിഎയുടെ വോട്ട് ശതമാനം ഉയരുന്നതു ഭാവിയിൽ ബിജെപി കേരളത്തിൽ ശക്തമാകുന്നതിന്റെ സൂചനയാണെന്നും പറഞ്ഞു. കൊച്ചി മെട്രോ രണ്ടാം ഘട്ടം, സ്മാർട്ട് സിറ്റി പദ്ധതി തുടങ്ങിയവയ്ക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. പ്രീണന രാഷ്ട്രീയമില്ലെന്നും, എല്ലാവരെയും തുല്യമായി കാണുന്നതാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പദ്ധതികളെ പേരുമാറ്റി സംസ്ഥാന പദ്ധതികളാക്കി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സ്വർണക്കടത്ത് കേസിലെ പ്രതികളെ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ നിയമത്തിന് മുന്നിലെത്തിക്കുമെന്നും പറഞ്ഞു. കൂടാതെ, കോൺഗ്രസിനെയും നേതാക്കളെയും വിമർശിച്ച അമിത് ഷാ, കേരളത്തിൽ എൻഡിഎ ശക്തമായ മുന്നേറ്റം നടത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.




