കൊല്ലം: ബാറിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നു യുവാവിനെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയലാ ശരത് ഭവനിൽ ശരത് (38) ആണ് കഴിഞ്ഞ ദിവസം നടുറോഡിൽ കൊല്ലപ്പെട്ടത്.
കോവൂർ പ്രദേശവാസികളായ രാഹുൽ (31), അജേഷ് (33), ലിജോ (28), ജയേഷ് (31) എന്നിവരാണ് പിടിയിലായത്. ജയേഷിന് ശരത്തിനോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിദേശത്ത് ജോലി ചെയ്തിരുന്ന ശരത് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. മുൻപ് സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.
അന്ന് ബസിലെ മാനേജരായിരുന്ന ജയേഷിനെ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പിരിച്ചുവിട്ട സംഭവത്തിൽ ശരത്തിന് പങ്കുണ്ടെന്ന കാരണത്താൽ ഇരുവരും തമ്മിൽ വിരോധം നിലനിന്നിരുന്നു. ഇതേ തുടർന്ന് ബാറിൽ ഉണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.
സംഭവദിവസം ബാറിൽ ഉണ്ടായ തർക്കത്തിന് ശേഷം ശരത് മേലേപന്തളംമുക്ക് ഭാഗത്ത് സുഹൃത്തിന്റെ വീട്ടിലേക്ക് പോയപ്പോൾ പ്രതികൾ ഓട്ടോയിൽ പിന്തുടർന്ന് എത്തി ആക്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ശരത് സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിച്ചെന്നെങ്കിലും ഗുരുതരമായി പരിക്കേറ്റ് കുഴഞ്ഞുവീണു.
ശരത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. അറസ്റ്റിലായ രാഹുലും ലിജോയും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശരത്തിന്റെ മൃതദേഹം വയലായിലെ വീട്ടിൽ സംസ്കരിച്ചു.




