കോഴിക്കോട്: സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സാധുവായ വിശദീകരണമൊന്നും നല്‍കാതെ സഭയുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ബിഷപ്പ് പാംപ്ലാനി ആരോപിക്കുന്നു. വിദേശ സംഭാവനകളുടെ പ്രാഥമിക ഗുണഭോക്താവ് പള്ളിയാണെന്ന ആരോപണം തെറ്റാണെന്നും, FCRA നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു.
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ക്രിസ്ത്യന്‍ പ്രശ്നമല്ല, മറിച്ച് പൗരാവകാശങ്ങളുടെ ലംഘനമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സഭ എതിരാണ്. എന്നാല്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നിലവില്‍ വന്നതിനുശേഷം, ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ മതമൗലിക ശക്തികളില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടുന്നുവെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. ക്രിസ്ത്യന്‍ വോട്ട് ബാങ്ക് രൂപീകരിക്കാനുള്ള ഒരു നീക്കത്തെയും ഞങ്ങള്‍ ഒരിക്കലും പിന്തുണയ്ക്കില്ല. വിശ്വാസികള്‍ക്ക് സാഹചര്യം വിശകലനം ചെയ്യാനും സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് വോട്ട് രേഖപ്പെടുത്താനും കഴിയണം എന്നതാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ സംഭവവികാസങ്ങള്‍ ഞങ്ങള്‍ വിലയിരുത്തുകയും വിശ്വാസികളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യുമെന്നും പാംപ്ലാനി വ്യക്തമാക്കി.




