കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം വെടിമരുന്ന് ശേഖരം പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബിനീഷ്, മനോജ് എന്നിവർക്കെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത വെടിമരുന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലായിരുന്നു ഈ ശേഖരം സൂക്ഷിച്ചിരുന്നത്. എലത്തൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽ കെട്ടിയ നിലയിലും അലക്ഷ്യമായി സൂക്ഷിച്ച നിലയിലും വെടിമരുന്നുകൾ കണ്ടെത്തിയത്.വിഷു അടുത്തെത്തുന്നതിനാൽ ജില്ലയിലുടനീളം അനധികൃതമായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളെ കണ്ടെത്താൻ പൊലീസ് വ്യാപക പരിശോധന തുടരുകയാണ്.



