തൃശൂർ: പ്രായപൂർത്തിയാകാത്ത 17കാരന് മദ്യം നൽകിയ സംഭവത്തിൽ തൃശ്ശൂർ മണ്ണുത്തിയിലെ ബാറിനെതിരെ പൊലീസ് കേസെടുത്തു. ബാർ ഉടമയ്ക്കും മാനേജർക്കുമെതിരെയാണ് മണ്ണുത്തി പൊലീസ് കേസെടുത്തത്. എക്സൈസ് നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 30ന് രാത്രി ഏഴരയോടെയാണ് സംഭവം. 17കാരനും കൊഴുക്കുള്ളി സ്വദേശിയായ സുഹൃത്തും മണ്ണുത്തിയിലെ ബാറിൽ മദ്യപിക്കാനെത്തുകയായിരുന്നു. ബാറിനുള്ളിൽ വെച്ച് മദ്യം കഴിച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തുടർന്ന് 17കാരൻ നേരിട്ട് മണ്ണുത്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും രേഖകൾ പരിശോധിച്ചതിലുമാണ് പരാതിക്കാരന് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാർ ഉടമയ്ക്കും മാനേജർക്കുമെതിരെ നടപടി സ്വീകരിച്ചത്.
പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം നൽകിയതിനാണ് ബാർ അധികൃതർക്കെതിരെ കേസെടുത്തത്. അതേസമയം, ബാറിനുള്ളിൽ വെച്ച് 17കാരനുമായി വഴക്കുണ്ടാക്കുകയും ഉന്തും തള്ളും നടത്തുകയും ചെയ്ത സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.













