തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് സർക്കാരിനെതിരെയുള്ള ശക്തമായ വികാരം നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് വോട്ട് ചെയ്യുന്നവർക്കിടയിലും അവർ മൂന്നാം തവണ അധികാരത്തിൽ വരരുതെന്ന അഭിപ്രായം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ യുഡിഎഫ് പ്രവർത്തകർ ഒത്തൊരുമയോടെയും ആവേശത്തോടെയും പ്രവർത്തിച്ചതായി സതീശൻ പറഞ്ഞു. ഘടകക്ഷികൾ തമ്മിലുള്ള ഭേദമില്ലാതെ ‘ടീം യുഡിഎഫ്’ എന്ന നിലയിൽ നടത്തിയ പ്രവർത്തനം ഫലത്തിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താഴെത്തട്ടിൽ ശക്തമായ പ്രവർത്തനങ്ങളിലൂടെ വോട്ടുകൾ ഉറപ്പാക്കാനും വോട്ടർമാരെ ബൂത്തിലെത്തിക്കാനും സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ബിജെപി ഭീഷണിയും അതിന് എൽഡിഎഫ് നൽകുന്ന പിന്തുണയും ഒരു അസുരക്ഷാഭാവം സൃഷ്ടിച്ചതായി സതീശൻ ആരോപിച്ചു. ഇത് യുഡിഎഫിന് അനുകൂലമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം ഭൂരിപക്ഷ സമൂഹത്തിൽ സ്വാധീനം ചെലുത്തിയതായും, ആ വിഷയത്തിൽ ബിജെപിയേക്കാൾ ശക്തമായ നിലപാട് യുഡിഎഫ് എടുത്തതിനാൽ ആ വോട്ടുകൾ ലഭിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
അതേസമയം, എൽഡിഎഫിന്റെ അമിതമായ പരസ്യ പ്രചാരണവും മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമുള്ള ബോർഡുകളും തിരിച്ചടിയായെന്നും സതീശൻ പറഞ്ഞു. ഭരണവിരുദ്ധ വികാരത്തിന്റെ വലിയൊരു പങ്കും പിണറായി വിരുദ്ധ വികാരമാണെന്നും ‘ആരുണ്ട് ചോദിക്കാൻ’ എന്ന സമീപനം ജനങ്ങളിൽ നെഗറ്റീവ് സ്വാധീനം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് പരാജയപ്പെട്ടാൽ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്ന് സതീശൻ പറഞ്ഞു. വിജയമുണ്ടെങ്കിൽ അത് മുഴുവൻ ടീമിന്റേതായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തി വായനയും ട്രക്കിംഗും തുടരാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസിയുടെ നിർദ്ദേശപ്രകാരം പോകുമെന്നും അദ്ദേഹം അറിയിച്ചു.




