റിയാദ്: റിയാദിൽ ഭീകരവാദ കേസിൽ കുറ്റക്കാരായി കണ്ടെത്തപ്പെട്ട രണ്ട് സൗദി അറേബ്യ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുസ്തഫ ബിൻ അലി ബിൻ സാലിഹ് അൽ സുബൈത്തി, അലി ബിൻ ഹസൻ ബിൻ അലി അൽ സുബൈത്തി എന്നിവർക്കാണ് വ്യാഴാഴ്ച ശിക്ഷ നടപ്പാക്കിയത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റങ്ങളിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വിദേശ ഭീകരസംഘടനകളുമായി ബന്ധപ്പെടുക, സ്ഫോടകവസ്തുക്കൾ നിർമ്മിക്കുക, അനധികൃത ആയുധശേഖരണം നടത്തുക എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ഇവർക്കെതിരെ തെളിഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസുകളിലും ഇവർ പ്രതികളായിരുന്നു. കൂടാതെ, പൗരന്മാരെ തട്ടിക്കൊണ്ടുപോയി വധിച്ച കേസുകളിലെ പ്രതികൾക്ക് ഒളിത്താവളം നൽകിയതും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം പ്രത്യേക കോടതിയിൽ ഹാജരാക്കി വിചാരണ നടത്തി. വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്ന് രാജകീയ ഉത്തരവുപ്രകാരം ശിക്ഷ നടപ്പാക്കുകയായിരുന്നു. ഇസ്‌ലാമിക നിയമപ്രകാരമാണ് വധശിക്ഷ നടപ്പാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.




