ആലപ്പുഴ: പഠനച്ചെലവ് കണ്ടെത്താൻ ബിരിയാണി വിൽപ്പന നടത്തി മാതൃകയാകുകയാണ് പതിനെട്ടുകാരനായ ഷറാഫുദ്ദീൻ. ചേർത്തല നൈപുണ്യ കോളജിലെ ഹോട്ടൽ മാനേജ്മെന്റ് ഒന്നാം വർഷ വിദ്യാർത്ഥിയായ വയലാർ സ്വദേശി, അറുപതിനായിരം രൂപയോളം വരുന്ന ഫീസ് കണ്ടെത്താനായില്ലാത്ത സാഹചര്യത്തിലാണ് സ്വന്തം പരിശ്രമത്തിലൂടെ വരുമാനം കണ്ടെത്തുന്നത്.
പിതാവിന്റെ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് ഏകദേശം ഒന്നരമാസം മുൻപാണ് അർത്തുങ്കൽ ബൈപ്പാസിന് സമീപം ‘സെനിത്’ എന്ന പേരിൽ ബിരിയാണിക്കച്ചവടം ആരംഭിച്ചത്. നൂറ് രൂപ നിരക്കിൽ ചിക്കൻ ബിരിയാണിയും ചിക്കൻ ഫ്രൈ ബിരിയാണിയും വിൽക്കുന്നു. ദിവസേന 80 മുതൽ 100 വരെ ബിരിയാണി വിറ്റ് ഏകദേശം 1500 രൂപ വരുമാനം ലഭിക്കുന്നു. അവധി ദിവസങ്ങളിൽ വിൽപ്പന കൂടുതൽ ഉയരാറുണ്ട്.
പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് ഷറാഫുദ്ദീൻ തന്നെ പാചകം നിർവഹിക്കുന്നു. രാവിലെ എട്ട് മണിയോടെ കോളജിലേക്ക് പോകുമ്പോൾ പിതാവാണ് വിൽപ്പന നോക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പാചകവും വിൽപ്പനയും ഷറാഫുദ്ദീൻ തന്നെ കൈകാര്യം ചെയ്യുന്നു.
ചെറുപ്പം മുതൽ പാചകത്തോട് താൽപര്യമുള്ളതിനാലാണ് ഹോട്ടൽ മാനേജ്മെന്റ് പഠനം തെരഞ്ഞെടുത്തതെന്നും ഭാവിയിൽ സ്വന്തമായി ഒരു റസ്റ്റോറന്റ് ആരംഭിക്കണമെന്നതാണ് ലക്ഷ്യമെന്നും ഷറാഫുദ്ദീൻ പറയുന്നു.




