കൊല്ലം: അമിതവേഗത്തിലെത്തിയ കാറിടിച്ച് ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു. ജെ.എൻ.ആർ.എ. നഗർ 229-ൽ വിജയ് ഭവനിൽ താമസിക്കുന്ന അജിത് കുമാറാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രി 10.15-ഓടെ ചിന്നക്കട–ആശ്രാമം റെസിഡൻസി റോഡിലാണ് അപകടം സംഭവിച്ചത്.
ആശ്രാമം ഭാഗത്തുനിന്ന് കൊല്ലത്തേക്ക് അമിതവേഗത്തിൽ എത്തിയ കാർ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നു. പുള്ളിക്കട കോളനിയിലേക്കുള്ള വഴിയുടെ സമീപത്തുവച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ അജിത് താഴ്ചയിലുള്ള ഇടറോഡിലേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാറിൽ നാല് പേർ ഉണ്ടായിരുന്നുവെന്നും അതിൽ രണ്ട് പേർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ദൃക്സാക്ഷികൾ അറിയിച്ചു. റോഡിൽ രക്തം നിറഞ്ഞ നിലയിലായിരുന്നു. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.




