ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സീസണിലെ ആദ്യ പരാജയം സമ്മാനിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിയെ റോയല്‍സ് മുട്ടുകുത്തിച്ചത്. ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. കണ്ണഞ്ചിപ്പിക്കുന്ന അര്‍ധസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറേലിന്റെയും ഇന്നിങ്സുകളാണ് രാജസ്ഥാന് മികച്ച വിജയം സമ്മാനിച്ചത്. 26 പന്തില്‍ 78 റണ്‍സെടുത്താണ് സൂര്യവംശി പുറത്തായത്. 43 പന്തില്‍ 81 റണ്‍സെടുത്ത് ധ്രുവ് ജുറേല്‍ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് അടിച്ചെടുത്തിരുന്നു. ക്യാപ്റ്റന്‍ രജത് പാട്ടിദാറിന്റെ അര്‍ധ സെഞ്ച്വറിയാണ് ബെംഗളൂരുവിന് കരുത്തായത്. 40 പന്തില്‍ നിന്ന് നാല് വീതം സിക്സും ബൗണ്ടറികളുമടക്കം 63 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടിദാറാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.




