വാഷിംഗ്ടൺ: ഇറാനിലേക്ക് പുതിയ വ്യോമ പ്രതിരോധ ആയുധങ്ങൾ കൈമാറാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ആയുധങ്ങൾ ഇറാനിലെത്തുമെന്നാണ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം.
വെടിനിർത്തൽ കരാറിന് ഇടനിലക്കാരായി പ്രവർത്തിച്ചതായി അവകാശപ്പെട്ട ചൈനയുടെ ഈ നീക്കം വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി ചർച്ച നടത്താനായി ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ വിവരം പുറത്തുവരുന്നത്. ആയുധങ്ങളുടെ യഥാർത്ഥ ഉറവിടം മറച്ചുവെക്കാൻ മൂന്നാം രാജ്യങ്ങൾ വഴി എത്തിക്കാനാണ് ശ്രമമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘മാൻപാഡ്സ്’ എന്നറിയപ്പെടുന്ന തോളിൽ വെച്ച് പ്രയോഗിക്കാവുന്ന മിസൈലുകളാണ് ചൈന നൽകാൻ ഒരുങ്ങുന്നതെന്നാണ് വിവരം. അടുത്തിടെ നടന്ന യുദ്ധത്തിൽ ഇത്തരം മിസൈലുകൾ യുഎസ് വിമാനങ്ങൾക്ക് വലിയ ഭീഷണിയായിരുന്നു.
അതേസമയം, ആരോപണങ്ങൾ ചൈന തള്ളി. ഒരു പക്ഷത്തിനും ആയുധങ്ങൾ നൽകിയിട്ടില്ലെന്നും അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കുന്ന ഉത്തരവാദിത്തമുള്ള രാജ്യമാണ് ചൈനയെന്നും വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ നിന്ന് യുഎസ് പിന്മാറണമെന്നും മേഖലയിലെ പിരിമുറുക്കം കുറയ്ക്കാൻ ശ്രമിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.




