കോട്ടയം: പാലാ രൂപത മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ച് ബിജെപി നേതാവ് പി.സി. ജോർജ്. ബിഷപ്പിന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് വന്നതെന്നും രാഷ്ട്രീയമായ ചർച്ചകൾക്കല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട പിതാവിനെ കാണാൻ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദർശനത്തിനിടെ അദ്ദേഹം തന്നെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചുവെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പിള്ളി ബിഷപ്പിനെതിരേയും സഭയ്ക്കെതിരേയും അതിരൂക്ഷ ഭാഷയിൽ വിമർശനം നടത്തിയതിന് തൊട്ടുപിന്നാലെയുള്ള ഈ സന്ദർശനം വലിയ ശ്രദ്ധ നേടിയിരുന്നു. ‘പിതാവ് എനിക്ക് പ്രത്യേകം ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒന്നാന്തരം ഒരു കൊന്തയും കുരിശുമാണ് നൽകിയത്’ എന്ന് അദ്ദേഹം പറഞ്ഞു. നൂറാം വയസ്സിലും ബിഷപ്പിന് എല്ലാ കാര്യങ്ങളും ഓർമ്മയുണ്ടെന്നും അദ്ദേഹം വളരെ ആരോഗ്യവാനായിരിക്കുന്നുവെന്നും ജോർജ് കൂട്ടിച്ചേർത്തു. രാഷ്ട്രീയക്കാരൻ എന്നതിലുപരി ബിഷപ്പിന്റെ കുടുംബവുമായി തനിക്ക് വലിയ അടുപ്പമാണുള്ളതെന്നും ഇത്തരം സന്ദർശനങ്ങൾ ഔദ്യോഗികമായ ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.




