‘ജനനായകൻ’ എന്ന ചിത്രത്തിലെ രംഗങ്ങൾ ചോർന്ന സംഭവത്തിൽ നടൻ വിജയ് ദേവരകൊണ്ട രോഷം പ്രകടിപ്പിച്ചു. സിനിമയുടെ ഭാഗങ്ങൾ പുറത്തായത് തന്നെ ഏറെ ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കരിയറിന്റെ തുടക്കത്തിൽ ഇത്തരമൊരു സംഭവം നേരിട്ടപ്പോൾ അനുഭവിച്ച വേദന ഇന്നും ഓർക്കുന്നുണ്ടെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു. ഇത്തരം സംഭവങ്ങൾ നടന്മാർക്കും സംവിധായകർക്കും നിർമ്മാതാക്കൾക്കും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇത് ഒരു വലിയ സംവിധാന പരാജയമായി കണക്കാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ മുഴുവൻ ടീമിനും പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് സ്‌ക്രീനിംഗിനിടെ പകർത്തിയ ഏകദേശം അഞ്ചര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളും നായകന്റെ ഇൻട്രോയും ടൈറ്റിൽ കാർഡും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളായ എക്‌സ്, യൂട്യൂബ്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം എന്നിവയിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ടുണ്ട്. മുഴുവൻ സിനിമ ചോർന്നുവെന്ന പ്രചാരണത്തിന് സ്ഥിരീകരണമില്ല. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു.




