സാധാരണ മുട്ട ബജിയൊക്കെ എല്ലാവരും കഴിക്കുന്നതല്ലേ? എന്നാൽ സംഗതി ഒന്ന് മാറ്റിപ്പിടിച്ചാലോ? പ്ലേറ്റിൽ നിരത്തി വെച്ചാൽ കാണാൻ നല്ല ചന്തമുള്ള, ഒറ്റയടിക്ക് വായിലേക്ക് ഇടാൻ പറ്റുന്ന നമ്മുടെ കാടമുട്ട ബജിയാണ് ഇന്നത്തെ താരം
ആവശ്യമായ സാധനങ്ങൾ
കാടമുട്ട (ഹീറോ): ഒരു 10-15 എണ്ണം പുഴുങ്ങിയത്
കടലമാവ്: ഒരു കപ്പ്
അരിപ്പൊടി: രണ്ട് സ്പൂൺ
മസാല കൂട്ടുകൾ: മുളകുപൊടി , മഞ്ഞൾപ്പൊടി, ഒരു നുള്ള് കായം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു കുഞ്ഞു സ്പൂൺ.
ഉപ്പും വെള്ളവും: ആവശ്യത്തിന്.
തയ്യാറാക്കുന്ന രീതി
പുഴുങ്ങിയ മുട്ടയുടെ തൊണ്ടൊക്കെ കളഞ്ഞ് വൃത്തിയാക്കി വെക്കുക. എന്നിട്ട് ഒരു ഈർക്കിലി കൊണ്ടോ ഫോർക്ക് കൊണ്ടോ മുട്ടയിൽ ഒന്ന് രണ്ട് “കുത്ത്” കൊടുക്കാം. എന്തിനാണെന്നല്ലേ? എണ്ണയിൽ ഇടുമ്പോൾ പടക്കം പൊട്ടുന്നത് പോലെ പൊട്ടാതിരിക്കാനും മസാല ഉള്ളിലേക്ക് കയറാനും വേണ്ടിയാണേ
കടലമാവും അരിപ്പൊടിയും മസാലകളും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. കുറേശ്ശെ വെള്ളമൊഴിച്ച് ഒരു കട്ടിപ്പരുവത്തിൽ കലക്കിയെടുക്കാം. മാവ് ഒരുപാട് ലൂസാകരുത്, നമ്മുടെ കാടമുട്ടക്കുട്ടന്മാർക്ക് നല്ലൊരു കോട്ട് ഇട്ടതുപോലെ ഇരിക്കണം.
ഇനി നമ്മുടെ ഓരോ മുട്ടയെയും ഈ മാവിൽ നന്നായി ഒന്ന് മുക്കി എടുക്കാം.
ചീനച്ചട്ടിയിൽ എണ്ണ ചൂടായി വരുമ്പോൾ ഈ കുട്ടി ബജികളെ ഓരോന്നായി മെല്ലെ എണ്ണയിലേക്ക് വിടുക. അവരവിടെ കിടന്ന് ഒന്ന് നീന്തി തുടിക്കട്ടെ
ഇടയ്ക്കിടെ ഒന്ന് തിരിച്ചും മറിച്ചും ഇട്ടു കൊടുക്കാം. നല്ല സ്വർണ്ണനിറമായി, കാണുമ്പോൾ തന്നെ കടിക്കാൻ തോന്നുന്ന പരുവമാകുമ്പോൾ കോരിയെടുക്കാം.
വിളമ്പുക
ചൂടോടെ ആ പ്ലേറ്റിലേക്ക് വിളമ്പുക. കൂടെ നല്ല എരിവുള്ള ഉള്ളി ചമ്മന്തിയോ ടൊമാറ്റോ കെച്ചപ്പോ ഉണ്ടെങ്കിൽ സംഗതി ജോറായി! ഒരു കട്ടൻ ചായയും കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട..
മുട്ട പുഴുങ്ങിയ ശേഷം അല്പം മുളകുപൊടിയും ഉപ്പും പുരട്ടി വെച്ചിട്ട് മാവിൽ മുക്കിയാൽ രുചി ഇരട്ടിയാകും!




