റിയാദ്: ഹജ്ജ് സീസണിന് മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷയും തിരക്ക് നിയന്ത്രണവും ഉറപ്പാക്കുന്നതിനായി മക്കയിൽ സൗദി ആഭ്യന്തര മന്ത്രാലയം കർശന നിയന്ത്രണങ്ങൾ നടപ്പാക്കി. ഏപ്രിൽ 13 പുലർച്ചെ മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
ഹജ്ജ് അനുമതിപത്രമില്ലാത്ത വിദേശികൾക്ക് മക്കയിൽ പ്രവേശനം അനുവദിക്കില്ല. മക്ക ഇഖാമയുള്ളവർ, ഹജ്ജ് പെർമിറ്റ് നേടിയവർ, വിശുദ്ധ നഗരങ്ങളിൽ ജോലി ചെയ്യുന്നതിനായി ‘അബ്ഷിർ’ അല്ലെങ്കിൽ ‘മുഖീം’ പ്ലാറ്റ്‌ഫോമുകൾ വഴി ഇലക്ട്രോണിക് വർക്ക് പെർമിറ്റ് നേടിയവർ എന്നിവർക്കാണ് പ്രവേശനാനുമതി.
ഉംറ വിസയിൽ എത്തിയവർക്ക് രാജ്യം വിടേണ്ട അവസാന തീയതി ഏപ്രിൽ 18 ആയി നിശ്ചയിച്ചു. അതേസമയം, സ്വദേശികൾക്കും പ്രവാസികൾക്കും ജി.സി.സി രാജ്യക്കാരനും ‘നൂസുക്’ ആപ്പ് വഴി നൽകിവന്നിരുന്ന ഉംറ പെർമിറ്റുകൾ ഏപ്രിൽ 18 മുതൽ മേയ് 31 വരെ താൽക്കാലികമായി നിർത്തിവെച്ചു.
ഏപ്രിൽ 18 മുതൽ ഹജ്ജ് വിസയുള്ളവർക്ക് മാത്രമേ മക്കയിൽ തുടരാനോ പ്രവേശിക്കാനോ അനുമതിയുണ്ടാകൂ. ഉംറ, സന്ദർശക വിസകൾ ഉൾപ്പെടെയുള്ള മറ്റ് വിസക്കാരെ ഈ കാലയളവിൽ മക്കയിൽ പ്രവേശിപ്പിക്കില്ല.
അനുമതിയില്ലാത്തവരെ താമസിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഏപ്രിൽ 18 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹജ്ജ് തീർത്ഥാടകർ എത്തിത്തുടങ്ങുന്നതോടെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചു.




