പാലക്കാട്: വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് വോട്ടർമാർക്ക് പണം നൽകിയെന്ന ഗുരുതരമായ ആരോപണത്തിൽ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകർക്കുമെതിരെ അന്വേഷണം വിപുലീകരിച്ച് പൊലീസ്. പാലക്കാട് സൗത്ത് പൊലീസാണ് കേസിൽ സമഗ്രമായ അന്വേഷണം നടത്തുന്നത്.
നിശബ്ദ പ്രചാരണ ദിവസം ശോഭാ സുരേന്ദ്രൻ സന്ദർശിച്ച വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ്. കണ്ണാടി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ഈ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും. പ്രദേശം കേന്ദ്രീകരിച്ചുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. നിശബ്ദ പ്രചാരണ ദിവസം സ്ഥാനാർഥി മറ്റ് വീടുകളിൽ എത്തിയിരുന്നോ എന്നും അവിടെ പണമിടപാട് നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. ദൃശ്യങ്ങളിലുള്ള ബിജെപി പ്രവർത്തകരെയും സാക്ഷികളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.






