തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായ കുംഭമേള വൈറൽ സ്റ്റാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ നിലപാടിനെ പിന്തുണച്ച് രാഹുൽ ഈശ്വർ. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം സത്യത്തിനും നീതിക്കും പിന്തുണ നൽകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
യുവതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന ആരോപണത്തെ അടിസ്ഥാനമാക്കി ഫർമാൻ ഖാനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് വ്യാജമാണെന്നാണ് രാഹുൽ ഈശ്വർ ആരോപിക്കുന്നത്. ഈ വിഷയത്തിൽ കേരള ഹൈക്കോടതി ഇടപെട്ട് ഫർമാൻ ഖാന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞിരുന്നു.
യുവതിക്ക് 18 വയസ് തികഞ്ഞുവെന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടെന്നും, ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി എന്നിവയിൽ ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വിരുദ്ധമായ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാഹുൽ വ്യക്തമാക്കി. ചിലർ വ്യാജ രേഖകളും തെറ്റായ കഥകളും പ്രചരിപ്പിച്ച് ഈ ബന്ധം തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ വ്യക്തമായ നിലപാട് എടുത്ത എം വി ഗോവിന്ദൻ മാസ്റ്ററെയും എ എ റഹിം എംപിയെയും രാഹുൽ പ്രശംസിച്ചു.
കേരളത്തിൽ ‘ലവ് ജിഹാദ്’ ഉണ്ടെന്ന രീതിയിൽ തെറ്റായ പ്രചാരണം നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും, ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. മത-രാഷ്ട്രീയ വൈരാഗ്യം കാരണം യുവദമ്പതികളുടെ ജീവിതം തകർക്കാൻ ആരും ശ്രമിക്കരുതെന്നും അഭ്യർത്ഥിച്ചാണ് രാഹുൽ ഈശ്വർ തന്റെ പ്രതികരണം അവസാനിപ്പിച്ചത്.




