ബത്തേരി: ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പ് ആവേശത്തിനും തിരക്കുകൾക്കും പിന്നാലെ വിശ്രമത്തിനായി ആശുപത്രി മുറിയിൽ അയൽക്കാരായി വയനാട്ടിലെ രണ്ട് ജനപ്രതിനിധികൾ. കൽപറ്റ എംഎൽഎ ടി. സിദ്ദിഖും ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണനുമാണ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഒരേ ഫ്ലോറിൽ അടുത്തടുത്ത മുറികളിലായി ചികിത്സയിൽ കഴിയുന്നത്. ടി. സിദ്ദിഖ് മുറി നമ്പർ 2309 ലും ഐ.സി. ബാലകൃഷ്ണൻ 2303 ലുമാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.
കൽപറ്റയിൽ രണ്ടാം തവണ ജനവിധി തേടിയ സിദ്ദിഖും ബത്തേരിയിൽ നാലാം പോരാട്ടം നടത്തിയ ഐസിയും തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ തങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ചാണ് വോട്ടുതേടി ഇറങ്ങിയത്. പ്രചാരണ സമയത്തുതന്നെ ഐ.സി. ബാലകൃഷ്ണന്റെ വലതുകാലിലെ പെരുവിരലിൽ മുറിവുണ്ടായിരുന്നു. മുറിവ് ഉണങ്ങാതെ തന്നെ പ്രചാരണം തുടർന്ന അദ്ദേഹത്തിന് വേദന കൂടിയതോടെ ശനിയാഴ്ച മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ തലകറക്കം അനുഭവപ്പെട്ടതോടെയാണ് മേപ്പാടിയിലേക്ക് മാറ്റിയത്.
കഫക്കെട്ടും പനിയും രൂക്ഷമായതിനെ തുടർന്നാണ് ടി. സിദ്ദിഖ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിലായതിനാൽ വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ കഴിയാത്തതിലുള്ള വിഷമം ടി. സിദ്ദിഖ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ചികിത്സയ്ക്കിടെ ഐ.സി. ബാലകൃഷ്ണൻ സിദ്ദിഖിന്റെ മുറിയിലെത്തി വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇരുവരും ഉടൻ മണ്ഡലങ്ങളിൽ സജീവമാകുമെന്നാണ് സൂചന.




