നാളെ സമൃദിയുടേയും ഐശ്വര്യത്തിന്റേയും വിഷുദിനമാണ്. വിഷുവിന് ഏറ്റവും പ്രധാനം വിഷുക്കണി തന്നെയാണ്. എന്നാൽ അതിനും ഒരു ചിട്ടവട്ടമുണ്ട്. നോക്കാം എങ്ങനെയാണ് വിഷുക്കണി ഒരുക്കേണ്ടതെന്ന്.
കണിയൊരുക്കാം
ആദ്യം വീടും പരിസരവും വൃത്തിയാക്കാം. പിന്നെ, തേച്ചുവൃത്തിയാക്കിയ നിലവിളക്ക്, ഓട്ടുരുളി, ഓട്ടുകിണ്ടി എന്നിവയാണ് കണിയൊരുക്കാൻ പ്രധാനമായും വേണ്ടത്. ഉണക്കലരി, നെല്ല്, നാളികേരം, കണിവെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം, വാൽക്കണ്ണാടി, ശ്രീകൃഷ്ണവിഗ്രഹം, കണിക്കൊന്ന, കോടിമുണ്ട്, ഗ്രന്ഥം, സ്വർണം, നാണയങ്ങൾ, കുങ്കുമം, കൺമഷി, വെറ്റില, അടക്ക എന്നിവയും കണിയിലുണ്ടാകും. ഓരോ നാട്ടിലും ഇതിലൊക്കെ മാറ്റങ്ങളുണ്ടാകും.
കണി ഒരുക്കേണ്ട രീതി
വിഷുവിന്റെ തലേദിവസം രാത്രി വീട്ടിലെ മുതിർന്ന സ്ത്രീയുടെയോ കുടുംബനാഥയുടെയോ നേതൃത്വത്തിലാണ് പൂജാമുറിയിലോ പ്രധാന മുറിയിലോ കണിയൊരുക്കുക. അതിന്റെ രീതി നോക്കാം.
ഓട്ടുരുളിയിൽ ഉണക്കലരിയും നെല്ലും പകുതിയോളം നിറയ്ക്കണം.
അതിൽ ഒരു നാളികേരമുറി വെക്കണം.
തുടർന്ന് കണിവെള്ളരി വെക്കുക.
പിന്നീട് ചക്കയും നാളികേരവും മാങ്ങയും കദളിപ്പഴവും വെക്കണം. നാരങ്ങയും നെല്ലിക്കയും അങ്ങനെ സമൃദ്ധിയുടെ പ്രതീകമായി നിങ്ങൾക്ക് തോന്നുന്ന ഫലവർഗങ്ങൾ വെക്കാം.
ഓട്ടുരുളിയുടെ നടുക്കായി വാൽക്കണ്ണാടി വെക്കാം. കണിക്കൊപ്പം സ്വന്തം മുഖവും കാണുന്നതിനു വേണ്ടിയാണിത്.
ഇതിനെല്ലാം മുകളിലായി കണിക്കൊന്ന വെക്കുക.
ഇതിനടുത്തു തന്നെ ശ്രീകൃഷ്ണവിഗ്രഹവും പിന്നെ നിലവിളക്കും വെക്കാം.
അടുത്ത് ഒരു താലത്തിൽ കോടിമുണ്ട്, ഗ്രന്ഥം (രാമായണമോ, ഭഗവത്ഗീതയോ) കുങ്കുമച്ചെപ്പ്, കൺമഷി എന്നിവ വെക്കുക. ഒപ്പം വെറ്റിലയിൽ നാണയത്തുട്ടും പാക്കും സ്വർണവും വെക്കണം.
ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവെക്കണം.
കണി കാണലും കൈനീട്ടവും
പുലർച്ചെ ബ്രാഹ്മമുഹൂർത്തത്തിലാണ് വിഷുക്കണി കാണേണ്ടത്. ഉറക്കമെഴുന്നേറ്റ് കണ്ണുതുറക്കുമ്പോൾ ആദ്യം കണി കാണണം എന്നതിനാൽ കുളി നിർബന്ധമല്ല. എന്നാൽ നിലവിളക്ക് കത്തിക്കുന്നയാൾ കുളിച്ച് ശുദ്ധിയായിരിക്കാൻ ശ്രദ്ധിക്കണം. കണി കണ്ടുകഴിഞ്ഞാൽ മുതിർന്നവർ താഴെയുള്ളവർക്ക് വിഷുക്കൈനീട്ടം നൽകും. സമ്പൽസമൃദ്ധി വരുംതലമുറയ്ക്കു കൂടി പങ്കുവെക്കുന്നു എന്ന ആശയമാണ് ഇതിന് പിന്നിൽ.




