ഉത്തർപ്രദേശ്: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഹൈസെക്യൂരിറ്റി പരിപാടിക്കിടെ മദ്യപിച്ച നിലയിൽ ഡ്യൂട്ടിക്കെത്തിയ സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. മുസാഫർനഗറിൽ നടന്ന പരിപാടിയിലാണ് സംഭവം.
ഫുഗാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ചൗബെ സിംഗിനെതിരെയാണ് നടപടി. അച്ചടക്കലംഘനവും ഡ്യൂട്ടിയിലെ വീഴ്ചയും ചൂണ്ടിക്കാട്ടി സീനിയർ സൂപ്രണ്ട് സഞ്ജയ് കുമാർ വർമ്മയാണ് സസ്പെൻഷൻ ഉത്തരവിട്ടത്.
മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വിഐപി സുരക്ഷാ ചുമതല ചൗബെ സിംഗിന് നൽകിയിരുന്നുവെങ്കിലും, അദ്ദേഹം നിശ്ചിത സ്ഥലത്ത് എത്താത്തതായി കണ്ടെത്തി. തുടർന്ന് തഹസിൽ സദർ പ്രദേശത്തെ ഒരു ഫാമിലി കോംപൗണ്ടിന് സമീപം മദ്യപിച്ച് അവശനിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.
യൂണിഫോം പോലും അച്ചടക്കമില്ലാതെ ധരിച്ചിരുന്ന ഇയാൾ താൻ എവിടെയാണെന്നറിയാതെ പെരുമാറിയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനങ്ങൾക്ക് ഇടയായി.
സംഭവത്തെ ഗൗരവത്തോടെ കാണുന്നതായി ഫുഗാന സർക്കിൾ ഓഫീസർ യതീന്ദ്ര നാഗർ അറിയിച്ചു.




