ന്യൂഡൽഹി: പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് എതിരായ ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതിയോടൊപ്പം നിർദേശിക്കുകയും ചെയ്തു.
വേണു ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യത്തിൽ വിടണമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കുന്നതടക്കമുള്ള ഇടപെടലുകൾ ഉണ്ടായാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ സ്ത്രീയാണ് ലൈംഗിക പീഡന പരാതിയുമായി മുന്നോട്ട് വന്നത്. അതേസമയം, ‘ഹണി ട്രാപ്പ്’ കേസിൽ അറസ്റ്റിലായ അതേ യുവതിയാണ് പിന്നീട് ലൈംഗിക പീഡന പരാതി നൽകിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിൽ മധ്യസ്ഥ ചർച്ചകൾക്ക് കോടതി നിർദേശിച്ചെങ്കിലും അത് വിജയിച്ചില്ല.
വേണു ഗോപാലകൃഷ്ണന് വേണ്ടി സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗിയും രാകേന്ദ് ബസന്തും ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി പി.വി. ദിനേശും നിഷേ രാജൻ ഷൊങ്കറും ഹാജരായപ്പോൾ പരാതിക്കാരിക്ക് വേണ്ടി കരുണ നന്ദിയാണ് വാദം അവതരിപ്പിച്ചത്.




