ബെംഗളൂരു: പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്ന അമ്മയെ നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. ബെംഗളൂരുവിലെ ആർ.ആർ. നഗറിലാണ് സംഭവം നടന്നത്. 75 വയസുള്ള സവിത്രാമ്മയെയാണ് മകൻ വെങ്കടേശ് കൊലപ്പെടുത്തിയത്.
പോലീസ് അറിയിച്ചതനുസരിച്ച്, അഞ്ചുവർഷമായി കിടപ്പിലായിരുന്ന അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലാതിരുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം കൊലപാതകം നടത്തിയതാണെന്ന് വെങ്കടേശ് മൊഴി നൽകി.
താഴത്തെ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വെങ്കടേശ്, അമ്മയെ നാലാം നിലയിലേക്ക് എടുത്തുകൊണ്ടുപോയ ശേഷം താഴേക്ക് എറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സവിത്രാമ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശബ്ദം കേട്ട് എത്തിയ വീട്ടുടമയാണ് ആദ്യം വിവരം അറിയിച്ചത്.
പത്ത് വർഷം മുൻപ് വെങ്കടേശിന്റെ അച്ഛൻ മരിച്ചിരുന്നു. കിടപ്പിലായ അമ്മയെ പരിചരിക്കേണ്ടി വന്നതിനാൽ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിക്കേണ്ടിവന്നതായും സാമ്പത്തിക പ്രതിസന്ധി കടുത്തതായും പോലീസ് പറയുന്നു. ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്താണ് കൊലപാതകം നടത്തിയതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.




