മലപ്പുറം: വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. പുലർച്ചെ തന്നെ എല്ലാവരുടെയും പോസ്റ്റുമോർട്ടം പൂർത്തിയാക്കിയിരുന്നു. തുടർന്ന് രാവിലെ ആറുമണിയോടെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്ന് ആംബുലൻസുകൾ മൃതദേഹങ്ങളുമായി പുറപ്പെട്ടു.
മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കുക. ഉച്ചയ്ക്ക് ഒരുമണിയോടെ സംസ്കാരം നടത്താനാണ് തീരുമാനം. എന്നാൽ ജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് സമയം മാറാൻ സാധ്യതയുണ്ട്. സ്കൂൾ പരിസരത്ത് ഇപ്പോൾ തന്നെ വലിയ ജനക്കൂട്ടം കൂടി തുടങ്ങിയിട്ടുണ്ട്. മലപ്പുറം പാങ്ങ് ജിഎൽപിഎസ് സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽ മരിച്ചത്. 13 പേർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണം.




