ന്യൂഡൽഹി: കരസേനയുടെ ലഖ്നൗ ആസ്ഥാനമായ സെൻട്രൽ കമാൻഡിന്റെ ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം സ്വദേശി ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ ചുമതലയേറ്റു. തിരുവനന്തപുരം പട്ടം സ്വദേശിയായ ജയചന്ദ്രൻ മാർ ഇവാനിയോസ് കോളേജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. പരിശീലനം കഴിഞ്ഞ് 1991ൽ ബോംബെ സാപ്പേഴ്സ് യൂണിറ്റിലൂടെ കരസേനയിൽ പ്രവേശിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട ഓപ്പറേഷൻ വിജയിലും പങ്കെടുത്തു. പാരാട്രൂപ്പറായി ശ്രദ്ധ നേടിയ ജയചന്ദ്രൻ നൂറിലധികം തവണ പാരാ ജംപിങ് നടത്തിയിട്ടുണ്ട്. ബി ടെക് ബിരുദധാരിയായ അദ്ദേഹം ഡിഫൻസ് സ്റ്റഡീസിൽ എം.എസ്.സി ബിരുദവും രണ്ട് എം.ഫിൽ ബിരുദങ്ങളും നേടിയിട്ടുണ്ട്. കായികരംഗത്തും സജീവമായ അദ്ദേഹം ഇന്നും മാരത്തോണുകളിൽ പങ്കെടുക്കുന്നു. തിരുവനന്തപുരം കരമനയിലെ മന്നം മെമ്മോറിയൽ ഹൈസ്കൂൾ, പട്ടം സെന്റ് മേരീസ് ഹൈസ്കൂൾ, മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിയാണ്. ജയശ്രീയാണ് ഭാര്യ. മകൾ: മാളവിക.




