തൊടുപുഴ: ലോകത്തിന്റെ ഏതെങ്കിലും കോണിൽ നടക്കുന്ന യുദ്ധങ്ങൾ തങ്ങളെ ബാധിക്കില്ലെന്ന് കരുതിയിരുന്ന സാധാരണക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റുന്നു. പെട്രോൾ വില വർധനവിനെയും ആഗോള പ്രതിസന്ധികളെയും നിസ്സാരമായി കണ്ടിരുന്നവർക്ക് മുന്നിൽ ജീവിതച്ചെലവുകൾ വലിയ ചോദ്യചിഹ്നമായി മാറുകയാണ്. ഗ്രാമങ്ങളിലെ ഇടവഴികളിൽ പോലും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലിൽ ഒരിറ്റുവെള്ളത്തിനായി കടകൾ തേടിയിറങ്ങുന്നവർക്ക് നിരാശയാണ് ഫലം. നഗരങ്ങളിലെ വലിയ ഹോട്ടലുകൾ മുതൽ നാട്ടിൻപുറങ്ങളിലെ തട്ടുകടകൾ വരെ പൂട്ടിക്കിടക്കുന്ന കാഴ്ചയാണ് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകുന്നത്.
പാചകവാതകത്തിനുണ്ടായ കടുത്ത ക്ഷാമമാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണം. യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഗ്യാസ് വിതരണം തടസ്സപ്പെട്ടതോടെ അടുപ്പുകൾ പുകയുന്നത് നിലച്ചു. ഇതോടെ കച്ചവടം മുടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകൾ കൂടി വന്നതോടെ ഈ മടക്കയാത്രയുടെ വേഗത വർധിച്ചു. ഇതോടെ ജില്ലയിലെ ഹോട്ടൽ, ബേക്കറി മേഖലകൾ കടുത്ത തൊഴിലാളി ക്ഷാമത്തിലേക്കും വിരൽ ചൂണ്ടുന്നു.
ജില്ലയിൽ മാത്രം അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ കണക്കെടുത്താൽ അത് ഭീമമായ സംഖ്യയായിരിക്കും. ചെറുകിട വ്യാപാരികളുടെയും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെയും ജീവിതം ഇപ്പോൾ വഴിമുട്ടിയ അവസ്ഥയിലാണ്. തുറന്നു പ്രവർത്തിക്കുന്ന ചുരുക്കം ചില കടകൾ തന്നെ വലിയ സാമ്പത്തിക നഷ്ടം സഹിച്ചാണ് മുന്നോട്ട് പോകുന്നത്. ആഗോള പ്രതിസന്ധികൾ എങ്ങനെ സാധാരണക്കാരന്റെ ഉച്ചഭക്ഷണത്തെയും ദൈനംദിന വരുമാനത്തെയും ബാധിക്കുന്നു എന്നതിന്റെ നേർച്ചിത്രമാണ് തൊടുപുഴയിലെ തെരുവുകൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.






