ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം ശമിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ ഇറാനെതിരെയുള്ള അമേരിക്കൻ നാവിക ഉപരോധം പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. യുഎസ് ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് തുറന്ന ഹോർമുസ് കടലിടുക്ക് 24 മണിക്കൂറിനകം ഇറാൻ വീണ്ടും അടച്ചതോടെ സംഘർഷം രൂക്ഷമായി.
ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഒരു ടാങ്കറിന് നേരെ വെടിവെപ്പുണ്ടായതായി യുകെ മാരിടൈം ഏജൻസി അറിയിച്ചു. ഒമാനിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി, ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറുമായി ബന്ധമുള്ള ഗൺബോട്ടുകളാണ് വെടിയുതിർന്നതെന്നാണ് വിവരം. മുന്നറിയിപ്പില്ലാതെയായിരുന്നു വെടിവെയ്പ്പെന്ന് കപ്പൽ ക്യാപ്റ്റൻ അറിയിച്ചതായി ഏജൻസി വ്യക്തമാക്കി. കപ്പലിനും ജീവനക്കാർക്കും അപകടമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഹോർമുസ് തുറക്കാമെന്ന് ഇറാൻ അറിയിച്ചിരുന്നെങ്കിലും, ഇറാൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതത്തിന് മേലുള്ള ഉപരോധം പിൻവലിക്കാൻ യുഎസ് തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് കടലിടുക്ക് വീണ്ടും അടയ്ക്കാൻ ഇറാൻ തീരുമാനിച്ചത്. നിലവിൽ ഹോർമുസ് കടലിടുക്ക് ഇറാനിയൻ സായുധസേനയുടെ കർശന നിയന്ത്രണത്തിലാണ്.
ഇതിനിടെ, യുഎസ്-ഇറാൻ രണ്ടാംഘട്ട ചർച്ചകളിലും അനിശ്ചിതത്വം നിലനിൽക്കുന്നു. ഇസ്ലാമാബാദിൽ ചർച്ച നടക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ഉപരോധവും അമേരിക്കയുടെ ചില ആവശ്യങ്ങളും തുടരുന്ന സാഹചര്യത്തിൽ ഇറാൻ ഇതുവരെ പങ്കെടുക്കാൻ സമ്മതിച്ചിട്ടില്ല. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് അമേരിക്ക മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് സൂചന.
അമിതമായ ആവശ്യങ്ങൾ ഒഴിവാക്കിയാൽ മാത്രമേ ചർച്ചകൾ തുടരുകയുള്ളുവെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, നാവിക ഉപരോധം ആരംഭിച്ചതിന് ശേഷം 23 കപ്പലുകൾ തിരിച്ചയച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.




