അടുത്തിടെ പാരസെറ്റമോളും ഓട്ടിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. പാരസെറ്റമോൾ പ്രധാന ഘടകമായ ടൈലനോൾ എന്ന വേദനാസംഹാരി ഓട്ടിസത്തിലേക്ക് നയിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനെതിരെ നിരവധി ഡോക്ടർമാരും ഗവേഷകരും രംഗത്തെത്തി.
ഇതിനിടെ, പാരസെറ്റമോൾ ഉപയോഗവും ഓട്ടിസവും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കുന്ന പുതിയ പഠനം പുറത്തുവന്നു. ഡെൻമാർക്കിലെ ഗവേഷകർ നടത്തിയ ഈ പഠനം ‘ജാമാ പീഡിയാട്രിക്സ്’ ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. 1997 മുതൽ 2022 വരെ ജനിച്ച 15 ലക്ഷം കുട്ടികളുടെ ആരോഗ്യവിവരങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ഗർഭകാലത്ത് പാരസെറ്റമോളുമായി സമ്പർക്കമുണ്ടായ 31,000 കുട്ടികളിൽ 1.8 ശതമാനം പേർക്ക് മാത്രമാണ് പിന്നീട് ഓട്ടിസം സ്ഥിരീകരിച്ചത്. എന്നാൽ, പാരസെറ്റമോൾ ഉപയോഗിക്കാത്തവരിൽ 3 ശതമാനം പേർക്ക് ഓട്ടിസം കണ്ടെത്തിയതായും പഠനം ചൂണ്ടിക്കാട്ടുന്നു.
ഗർഭകാലത്തിന്റെ ഏത് ഘട്ടത്തിലാണ് മരുന്ന് ഉപയോഗിച്ചതെന്നും എത്ര ഡോസ് ഉപയോഗിച്ചുവെന്നുമുള്ള വിശദമായ വിശകലനത്തിലൂടെ, പാരസെറ്റമോൾ ഉപയോഗം ഓട്ടിസം സാധ്യത കൂട്ടുന്നില്ലെന്ന് ഗവേഷകർ വ്യക്തമാക്കി.
അതേസമയം, 2024-ൽ സ്വീഡനിൽ നിന്നുള്ള പഠനം പാരസെറ്റമോൾ-ഓട്ടിസം ബന്ധം ഉണ്ടാകാമെന്ന സൂചന നൽകിയിരുന്നെങ്കിലും, അതിന് വ്യക്തമായ ശാസ്ത്രീയ അടിത്തറയില്ലെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അമ്മയിൽ തിരിച്ചറിയപ്പെടാത്ത മറ്റ് ആരോഗ്യപ്രശ്നങ്ങളാകാം ഇത്തരം കണ്ടെത്തലുകൾക്ക് കാരണമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെ, പാരസീറ്റമോൾ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പീഡിയാട്രീഷ്യനും ലോകാരോഗ്യ സംഘടനയിലെ മുൻ ഗവേഷകയുമായ ഡോ. സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കിയിരുന്നു. വിദഗ്ധ നിർദേശത്തോടെ ഉപയോഗിക്കാവുന്ന സുരക്ഷിത മരുന്നാണ് പാരസീറ്റമോൾ എന്നും അവർ പറഞ്ഞു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റെട്രിക്സിന്റെ നിർദേശപ്രകാരം ഗർഭിണികൾക്കും ഏറ്റവും സുരക്ഷിതമായ മരുന്നുകളിലൊന്നാണ് പാരസെറ്റമോൾ.
അസിറ്റാമിനോഫിൻ എന്ന മരുന്നിന്റെ ബ്രാൻഡ് നാമമാണ് ടൈലനോൾ. വേദനയും പനിയും കുറയ്ക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഈ മരുന്നും ഓട്ടിസവും തമ്മിൽ ബന്ധിപ്പിക്കുന്ന വിശ്വാസ്യയോഗ്യമായ തെളിവുകളൊന്നും നിലവിലില്ലെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ഓട്ടിസം എന്താണ്?
മസ്തിഷ്‌ക വികസനവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ് ഓട്ടിസം. ഓട്ടിസ്റ്റിക് ഡിസോർഡർ, ആസ്പെർഗർ സിൻഡ്രോം, റെറ്റ് സിൻഡ്രോം, PDD-NOS തുടങ്ങിയ വിവിധ അവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു. സാധാരണയായി കുട്ടിക്കാലത്തുതന്നെ ലക്ഷണങ്ങൾ കണ്ടെത്താറുണ്ടെങ്കിലും ചിലരിൽ വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. സാമൂഹിക ഇടപെടലുകളിൽ ബുദ്ധിമുട്ട്, ആവർത്തിക്കുന്ന പെരുമാറ്റങ്ങൾ, പ്രത്യേക താൽപര്യങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പെരുമാറ്റവും ശീലങ്ങളും വിശദമായി നിരീക്ഷിച്ചാണ് വിദഗ്ധർ രോഗനിർണയം നടത്തുന്നത്.




