കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിന്റെ അതിക്രമം. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം നടന്നത്. സന്ദർശക പാസ് ഇല്ലാതെ രോഗിയെ കാണാൻ എത്തിയ യുവാക്കളെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതോടെയാണ് തർക്കം ഉണ്ടായത്. തുടർന്ന് സംഘം സെക്യൂരിറ്റി ജീവനക്കാരനായ കജേഷ് കുമാറിനെ വളഞ്ഞിട്ട് മർദിച്ചു. മർദനത്തിന് ശേഷം മെഡിക്കൽ കോളേജ് വളപ്പിലെ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ വാതിലും തകർത്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുടിക്കാനം സ്വദേശികളായ ഷിൻ്റോ ബേബി തോമസ്, സാം ഉലഹന്നാൻ എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മറ്റു രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റ കജേഷ് കുമാർ ചികിത്സയിലാണ്.




