കോട്ടയം: കോടിമത എംജി റോഡ് ചന്തക്കടവിലെ 110 കെവി സബ് സ്റ്റേഷൻ പരിസരത്ത് മൂന്ന് ദിവസത്തിനിടെ 26 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത് ജീവനക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് പെരുമ്പാമ്പുകളുടെ മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളാണ് ഇവയെന്ന് വനംവകുപ്പിന്റെ സർപ്പ സ്നേക്ക് റെസ്ക്യൂ ടീം സ്ഥിരീകരിച്ചു.
കഴിഞ്ഞദിവസം മാത്രം ഓഫീസിന്റെ ജനാലയ്ക്ക് മുകളിലും കേബിളുകൾക്കിടയിലുമായി ഒൻപതോളം പാമ്പിൻകുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പാമ്പുകളെ സുരക്ഷിതമായി മാറ്റുന്നതിനായി ജീവനക്കാർ തന്നെ ഓഫീസിന് സമീപം ബക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ശേഖരിക്കുന്ന പാമ്പുകളെ പിന്നീട് സർപ്പ ടീം എത്തി വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകുകയാണ് പതിവ്.
പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾക്ക് അണലിയോട് സാമ്യമുള്ളതിനാൽ ജീവനക്കാർ ജാഗ്രത പാലിക്കണമെന്ന് റെസ്ക്യൂ ടീം പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. പാമ്പുകളെ തിരിച്ചറിയാനുള്ള പ്രാഥമിക പരിശീലനം ജീവനക്കാർക്ക് നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിലും മൂർഖൻ ഉൾപ്പെടെയുള്ള വിഷപ്പാമ്പുകളുടെ സാന്നിധ്യം ഇവിടെ ഭീതി വർധിപ്പിക്കുന്നു. പാമ്പുകൾ വൈദ്യുത വിതരണ കേബിളുകൾക്കിടയിൽ കയറുന്നത് പലപ്പോഴും സാങ്കേതിക തകരാറുകൾക്കും വൈദ്യുതി തടസ്സത്തിനും കാരണമാകാറുണ്ട്. സബ് സ്റ്റേഷന്റെ ഉള്ളിലേക്കും ട്രാക്കുകളിലേക്കും പാമ്പിൻകുഞ്ഞുങ്ങൾ വ്യാപകമായി എത്തുന്നത് ജീവനക്കാരുടെ ജോലി സുരക്ഷയെയും സാരമായി ബാധിക്കുന്നുണ്ട്.



