കൊല്ലം: കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്.
കുടുംബവുമായി അകന്നു താമസിച്ചിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രാത്രികളിൽ ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതായിരുന്നു പതിവെന്നും അവർ വ്യക്തമാക്കി. മൃതദേഹം രക്തം വാർന്ന നിലയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
മരണം വീഴ്ച മൂലമാണോ, അതോ മറ്റ് ദുരൂഹ സാഹചര്യങ്ങളുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.




