ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിൽ തുറന്ന ഓടയിൽ വീണ് യുവതി മരിച്ചു. ഗുവാഹത്തി സ്വദേശിനിയായ പായൽ നാഥ് ആണ് ഞായറാഴ്ച രാത്രി നടന്ന അപകടത്തിൽ മരണപ്പെട്ടത്. ശക്തമായ മഴ മൂലം റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ നടപ്പാതയ്ക്കരികിലെ തുറന്ന ഓട തിരിച്ചറിയാൻ കഴിയാതെ യുവതി അതിലേക്ക് വീഴുകയായിരുന്നു.
വീണ ഉടൻ തന്നെ ഒഴുക്കിൽപ്പെട്ട ഇവരെ കണ്ടെത്താൻ ഗുവാഹത്തി പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തി. സംഭവസ്ഥലത്തുനിന്ന് ഏകദേശം 150 മീറ്റർ അകലെയുള്ള ഓടയുടെ മറ്റൊരു ഭാഗത്ത് അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനത്ത മഴ തുടരുന്നതിനാൽ ഗുവാഹത്തി നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. ഇതിനെ തുടർന്ന് നഗരത്തിലെ സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുറന്ന ഓടകൾ സുരക്ഷിതമായി മൂടാത്തതാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.




