തേനി: തിരഞ്ഞെടുപ്പ് പ്രചാരണമെന്നാൽ ആകാശമുയരെയുള്ള കട്ടൗട്ടുകളും കിലോമീറ്ററുകളോളം നീളുന്ന ഫ്ലെക്സ് ബോർഡുകളുമാണെന്ന തമിഴ്നാട്ടിലെ പഴയ കാഴ്ചകൾ ഇനി ഓർമ്മ. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അതിർത്തി ജില്ലയായ തേനിയിലുൾപ്പെടെ മുൻപെങ്ങുമില്ലാത്ത വിധം കർശന നിയന്ത്രണങ്ങളിലാണ് പ്രചാരണ പരിപാടികൾ നടക്കുന്നത്. മുഖ്യമന്ത്രിയുടെയോ മറ്റ് പ്രമുഖ നേതാക്കളുടെയോ മുഖമുള്ള കൂറ്റൻ ഹോർഡിങ്ങുകളോ ഫ്ലെക്സ് ബോർഡുകളോ ഒരിടത്തും കാണാനില്ല.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളെ വലയ്ക്കുന്നത്. പോസ്റ്ററുകൾക്കും വോട്ടർമാർക്കുള്ള സ്ലിപ്പുകൾക്കും നിരോധനമില്ലെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇവയുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. കോർപറേഷൻ, മുനിസിപ്പാലിറ്റി, ടൗൺ പഞ്ചായത്ത് പരിധികളിൽ ചുമരെഴുത്തിന് വിലക്കുണ്ട്. എന്നാൽ പഞ്ചായത്ത് മേഖലകളിൽ ഉടമയുടെ സമ്മതപത്രമുണ്ടെങ്കിൽ നിയന്ത്രിതമായി ചുമരുകൾ ഉപയോഗിക്കാം.
പൊതുയോഗങ്ങൾ നടത്താൻ അനുമതിയുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് തോന്നുന്ന സ്ഥലങ്ങളിൽ യോഗം വിളിക്കാനാവില്ല. ഓരോ നിയമസഭാ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള പ്രത്യേക ഇടങ്ങളിൽ മാത്രമേ യോഗങ്ങൾ അനുവദിക്കൂ. ഇതിനുപുറമെ ശബ്ദപരിധിയിലും സമയക്രമത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ അവിഭാജ്യ ഘടകമായ ‘കലാശക്കൊട്ട്’ തമിഴ്നാട്ടിൽ ഒരിടത്തുമില്ല എന്നതും ശ്രദ്ധേയമാണ്. ഏപ്രിൽ 23-നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് അടുത്തിട്ടും ആഘോഷങ്ങളില്ലാത്ത, തികച്ചും ശാന്തമായ പ്രചാരണ രീതിയിലേക്കാണ് തമിഴകം മാറിയിരിക്കുന്നത്.




