കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻനോട് വ്യക്തിപരമായ വിയോജിപ്പോ പ്രശ്നങ്ങളോ ഇല്ലെന്ന് മന്ത്രി ടി. സിദ്ദിഖ്. എന്നാൽ വർഗീയതയോടും വിഭാഗീയതയോടും ഐക്യപ്പെട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വ്യക്തിപരമായ ബന്ധത്തിന്റെ പേരിൽ ആരെങ്കിലും വെള്ളാപ്പള്ളി നടേശനെ കാണുന്നതിൽ തെറ്റില്ലെന്നും സാമുദായിക നേതാക്കൾ സമൂഹത്തിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നവരാണെന്നും മന്ത്രി വ്യക്തമാക്കി. സാമുദായിക സൗഹൃദം നമ്മുടെ വലിയ സമ്പത്താണെന്നും അത് സംരക്ഷിച്ച് മുന്നോട്ട് പോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്ത വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. മുൻ കൃഷി മന്ത്രിയുടെ കാലത്തും ശ്രീറാം വെങ്കിട്ടരാമൻ വാർത്താസമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വകുപ്പ് പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും മന്ത്രി വ്യക്തമാക്കി.
കെ.എം. ബഷീർ വധക്കേസുമായി ബന്ധപ്പെട്ട പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിനെതിരെ മാധ്യമപ്രവർത്തകർ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് അദ്ദേഹം ഹാളിൽ നിന്ന് പുറത്തുപോയ സംഭവവും ഉണ്ടായി. മന്ത്രി വിഷയത്തിൽ വിവാദങ്ങളിലേക്ക് പോകാനില്ലെന്നും വ്യക്തമാക്കി.






