ന്യൂഡൽഹി: പാർട്ടി വിട്ട പി.വി. അൻവറിനെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് അൻവറെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറി വി. ശിവദാസൻ ആരോപിച്ചു. അൻവറിനുള്ള പാർട്ടി പിന്തുണ പിൻവലിച്ചതായും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ തൃണമൂൽ കോൺഗ്രസിനെ വളർത്തുമെന്ന് പറഞ്ഞ് അൻവർ പാർട്ടിയിലെത്തിയിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ യാഥാർത്ഥ്യമല്ലെന്ന് പരിശോധിച്ചപ്പോൾ വ്യക്തമായതായി ശിവദാസൻ പറഞ്ഞു. നാട്ടിൽ അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ആരും അറിയുന്നില്ല, എന്നും അദ്ദേഹം വിമർശിച്ചു.
അൻവറിനെ പാർട്ടിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തും തൃണമൂൽ കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടിട്ടുണ്ട്. അതിൽ നിരവധി ഇടത് നേതാക്കളുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നു. മുൻ സിപിഎം എംഎൽഎമാരായ ജി. സുധാകരൻ, യു. പ്രതിഭ, സി. ദിവാകരൻ തുടങ്ങിയവർ അടക്കം പാർട്ടിയിലേക്ക് എത്തുമെന്ന് അൻവർ അവകാശപ്പെട്ടതായി കത്തിൽ പറയുന്നു.
എന്നാൽ, ഈ പേരുകളിൽ പലർക്കും അത്തരത്തിലുള്ള അറിയിപ്പോ സമ്മതമോ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെ.കെ. രമ എംഎൽഎ തൻ്റെ പേര് അനുമതിയില്ലാതെ കത്തിൽ ഉൾപ്പെടുത്തിയതിനെ കുറിച്ച് അറിയില്ലെന്നും പ്രതികരിച്ചു.
26/11/2024-ന് മമത ബാനർജിക്ക് നൽകിയ കത്തിലാണ് ഈ അവകാശവാദങ്ങൾ ഉള്ളത്. കാരാട്ട് റസാക്ക്, ടി.കെ. നൗഷാദ്, എ.വി. ഗോപിനാഥ്, സി.കെ. പദ്മനാഭൻ, ഹുസൈൻ രണ്ടത്താണി, എസ്. രാജേന്ദ്രൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, ഐ.എം. വിജയൻ എന്നിവരും താൽപര്യം അറിയിച്ചതായി കത്തിൽ പരാമർശിക്കുന്നു.
അൻവറിനെ അടിസ്ഥാനമാക്കി കേരളത്തിൽ പാർട്ടി വളർത്താനാകില്ലെന്ന് ബോധ്യമായതോടെയാണ് പിന്തുണ പിൻവലിച്ചതെന്നും, അൻവർ പോയാലും തൃണമൂൽ കോൺഗ്രസിന് ഒന്നും സംഭവിക്കില്ല എന്നും ശിവദാസൻ കൂട്ടിച്ചേർത്തു.




