കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക് കേസിൽ ഇഡി അന്വേഷണം ശക്തമാക്കി. അടുത്തിടെ നടത്തിയ റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാനുള്ള നടപടികളാണ് ഇഡി ആരംഭിച്ചിരിക്കുന്നത്. മരവിപ്പിച്ച അക്കൗണ്ടുകളിൽ വീണാ വിജയന്റെയും ഒരു അക്കൗണ്ട് ഉൾപ്പെടുന്നു.
ഇതിനായി ഇഡി ഉടൻ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. റെയ്ഡിനിടെ പിടിച്ചെടുത്ത ബാങ്ക് രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മറ്റ് രേഖകൾ എന്നിവ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്.
വീണാ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിക്കാനും തുടർന്ന് ചോദ്യം ചെയ്യലിനായി സമൻസ് അയക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. നേരത്തെ നടത്തിയ റെയ്ഡിൽ വീണയുടെ ഫോൺ, നിക്ഷേപ രേഖകൾ, സിഎംആർഎല്ലുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു.
അന്വേഷണം വേഗത്തിലാക്കാൻ ഇഡി ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് നിയമനടപടികൾ മുന്നോട്ട് കൊണ്ടുപോകാനാണ് ഇഡിയുടെ നീക്കം.






