കൊച്ചി: ശബരിപാത പാലത്തിൽ നിന്ന് പുഴയിൽ വീണ് കോളേജ് വിദ്യാർഥിനി മരിച്ചു. പെരുമ്പാവൂർ മുടക്കുഴ സ്വദേശിനിയായ അഞ്ജന ബിജു (22)യാണ് മരിച്ചത്. ബിജുവിന്റെയും ബിന്ദുവിന്റെയും മകളായ അഞ്ജന, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ ബി.എ വിദ്യാർഥിനിയായിരുന്നു.
തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. പെരിയാറിന് കുറുകെയുള്ള ശബരിപാത പാലത്തിൽ നിന്ന് അഞ്ജന പുഴയിൽ വീഴുകയായിരുന്നു. സംഭവം കണ്ടവർ ഉടൻ നാട്ടുകാരെ അറിയിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. അഞ്ജനയെ പുഴയിൽ നിന്ന് പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെരുമ്പാവൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഡിവൈഎഫ്ഐ മുടക്കുഴ മേഖലയുടെ വൈസ് പ്രസിഡന്റായിരുന്ന അഞ്ജനയുടെ അമ്മ ബിന്ദു സിപിഎം മുടക്കുഴ ലോക്കൽ കമ്മിറ്റി അംഗമാണ്. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തും.






