തിരുവനന്തപുരം: കുംഭമേള വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേരളത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി പൊലീസ്. നാളെ ദേശീയ പട്ടിക ജാതി, പട്ടിക വർഗ കമ്മിഷന് മുന്നിൽ ഡിജിപി റാവാഡ ചന്ദ്രശേഖർ നേരിട്ട് ഹാജരായി ഇക്കാര്യം അറിയിക്കും. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായെന്ന് തെളിയിച്ചുകൊണ്ട് പൊലീസിലും തദ്ദേശവകുപ്പിലും ഹാജരാക്കിയ രേഖകൾ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹം നടത്തിയതെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി കേരളത്തിൽ തന്നെയുണ്ടെന്നും ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകാൻ തയാറാണെന്നും ഡിജിപി കമ്മിഷനെ അറിയിക്കും. കുട്ടിയെ കാണാനില്ലെന്ന ആരോപണങ്ങൾ തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി.






