ആലപ്പുഴ: കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ സിനിൽ സവാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ബിഎൻഎസ് 351(2), 78 എന്നീ വകുപ്പുകൾ പ്രകാരം ഇരയെ ഭീഷണിപ്പെടുത്തൽ, പിന്തുടർന്ന് ശല്യം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് പുതുതായി ചേർത്തത്.
കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അധിക വകുപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ, ഇരയുടെ രഹസ്യമൊഴി മാവേലിക്കര കോടതി രേഖപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് യുവതി പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാരോപിച്ച യുവതി, ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.




