ന്യൂഡൽഹി: മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി ചുമത്തിയ പിഴ പിൻവലിച്ചു. നേരത്തെ കേസിൽ തെറ്റായ വിവരം കോടതിയെ അറിയിച്ചതിന് 25,000 രൂപ പിഴ ചുമത്തിയിരുന്നു.
അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി ഇപ്പോൾ പിഴ പിൻവലിച്ചത്. ജേക്കബ് തോമസിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി നെതർലൻഡ്‌സിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക നൽകണമെന്ന് സുപ്രീംകോടതി മുമ്പ് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് നവംബറിൽ സംസ്ഥാന വിജിലൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പട്ടിക കൈമാറിയിരുന്നു.
എന്നാൽ വിജിലൻസ് പട്ടിക ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. ഈ വിവരം തെറ്റാണെന്ന് പിന്നീട് വ്യക്തമായതോടെയാണ് കോടതിയാണ് കേന്ദ്രത്തിന് പിഴ ചുമത്തിയത്. ഇതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ പരിഗണിച്ച ശേഷമാണ് ഇപ്പോൾ സുപ്രീംകോടതി പിഴ ഒഴിവാക്കിയത്.




