കൊല്ലം: താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ ഗോപുവിനെ ചുമതലയിൽ നിന്ന് മാറ്റി. പകരം മറ്റൊരാൾക്ക് ചുമതല നൽകി.
മോർച്ചറിയും പോസ്റ്റുമോർട്ടം യൂണിറ്റും സംബന്ധിച്ച് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്ന് അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി സൂപ്രണ്ട് ഡോ. നിബിൻ കൃഷ്ണ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
ശനിയാഴ്ച വൈകിട്ട് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കോട്ടാത്തല സ്വദേശിയായ തുളസീധരൻ പിള്ളയുടെ മൃതദേഹം ഞായറാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനായി എടുത്തപ്പോൾ ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. മോർച്ചറിയിലെ ഫ്രീസർ സംവിധാനം ശരിയായി പ്രവർത്തിക്കാത്തതാണ് മൃതദേഹം അഴുകാൻ കാരണമായതെന്നാണ് വിവരം.
അടുത്തിടെ മന്ത്രി കെ. എൻ. ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച ഫണ്ടിൽ 12 മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ആധുനിക ഫ്രീസർ സംവിധാനമുള്ള മോർച്ചറി ഇവിടെ സജ്ജമാക്കിയിരുന്നു. എങ്കിലും അതിൽ സൂക്ഷിച്ച മൃതദേഹമാണ് അഴുകിയത് എന്നത് ഗുരുതരമായ വീഴ്ചയെന്ന നിലയിൽ വിലയിരുത്തപ്പെടുന്നു.
മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിൽ ഡോക്ടർ ആദ്യം വിസമ്മതിച്ചതായും ആരോപണമുണ്ട്. വിവിധ തലങ്ങളിൽ നിന്നുള്ള ഇടപെടലുകൾക്ക് പിന്നാലെ സൂപ്രണ്ടിന്റെ നിർദേശപ്രകാരം പോസ്റ്റുമോർട്ടം ഇവിടെ തന്നെ നടത്തി.
അതേസമയം, പോസ്റ്റുമോർട്ടത്തിനുശേഷം ഡോക്ടറുടെ സഹായികളായി പ്രവർത്തിച്ച ജീവനക്കാർ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയുണ്ട്. ബന്ധുക്കൾ 1500 രൂപ നൽകിയെങ്കിലും അത് മതിയല്ലെന്ന് പറഞ്ഞ് തർക്കമുണ്ടായി. തുടർന്ന് പൊതുപ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് 500 രൂപ കൂടി നൽകിയ ശേഷമാണ് പ്രശ്നം പരിഹരിച്ചത്. മോർച്ചറി ഉപയോഗത്തിനായി ഔദ്യോഗികമായി ഫീസ് അടച്ച് രസീത് വാങ്ങേണ്ടതില്ലെന്നും നേരിട്ട് പണം നൽകാമെന്നും ജീവനക്കാരൻ ആവശ്യപ്പെട്ടതായും ആരോപണം ഉയർന്നിട്ടുണ്ട്.
ഇത്തരത്തിൽ മോർച്ചറിയുമായി ബന്ധപ്പെട്ട് ദിവസേന അനധികൃത പണമിടപാടുകൾ നടക്കുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ വിഷയം ഡി.എം.ഒയുടെയും ആശുപത്രി സൂപ്രണ്ടിന്റെയും ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യ മന്ത്രിയുടെയും മന്ത്രി കെ. എൻ. ബാലഗോപാലിന്റെയും ഇടപെടലിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.




