കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ വിവാദത്തിനു പിന്നാലെ വിദ്യാര്‍ത്ഥികളെ വകുപ്പുമേധാവി ഭീഷണിപ്പെടുത്തിയെന്നും പരാതി. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഗവേഷക വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവരെ ഭാവിയില്‍ സഹായിക്കില്ലെന്നുമാണ് ഓഡിയോ സന്ദേശത്തിലുള്ളത്.
വ്യാകരണ വിഭാഗം മേധാവി ആര്‍.ഡി.സുനില്‍ കുമാറാണ് സന്ദേശത്തിന് പിന്നില്‍. അതിനിടെ എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ ശ്രീശങ്കരജയന്തി ആഘോഷങ്ങള്‍ ഇന്ന് രാവിലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു.
’10 മണിക്ക് മുമ്പ് എല്ലാവരും എത്തണം. ആരൊക്കെ ആത്മാര്‍ഥമായിട്ട് സഹകരിക്കുന്നോ എന്ന് കൃത്യമായി രേഖപ്പെടുത്തി വയ്ക്കും. ആരൊക്കെ സഹകരിച്ചു, സഹകരിച്ചില്ല എന്നതിന് അനുസരിച്ചിരിക്കും മുന്നോട്ടുള്ള പരിപാടികള്‍. ആര്‍എസി, ഓപ്പണ്‍ ഡിഫന്‍സ് വരെയുള്ള കാര്യങ്ങള്‍ ഉണ്ട്. അതിനൊക്കെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്തു നിന്ന് സഹകരണം കിട്ടണമെങ്കില്‍ നിങ്ങള്‍ ആ രീതിയില്‍ സഹകരിച്ചാല്‍ മാത്രമേ പരിഗണിക്കൂ’, ഓഡിയോ സന്ദേശത്തില്‍ പറയുന്നു.




